കൊച്ചി: തിയോഫിൻ എന്ന പദത്തിന് ദൈവത്തിന്റെ വെളിപ്പെടുത്തൽ എന്നർഥം. കുഞ്ഞുനാൾ മുതൽ ദൈവോന്മുഖമായ ജീവിതം ക്രമപ്പെടുത്തുന്നതിൽ ഉത്സാഹിയായിരുന്ന മൈക്കിൾ എന്ന കൗമാരക്കാരനിൽനിന്ന് ഫാ. തിയോഫിൻ എന്ന കപ്പൂച്ചിൻ സന്യാസ വൈദികനിലേക്കും തുടർന്നുമുള്ള ജീവിതയാത്ര അക്ഷരാർഥത്തിൽ അനേകർക്ക് ദൈവത്തിന്റെ വെളിപ്പെടുത്തലുകളുടേതായിരുന്നു.
തങ്ങളുടെ ആറാമത്തെ മകനായി പിറന്ന മൈക്കിളിനു വൈദികനാകാനാണ് ആഗ്രഹമെന്നു തിരിച്ചറിഞ്ഞ മാതാപിതാക്കളായ കോട്ടപ്പുറം കൂടല്ലൂർ ജോർജും അന്നയും അവനെ അതിനായി ഒരുക്കി. പള്ളിയോടു ചേർന്നായിരുന്നു വീട്. വീട്ടിലും പള്ളിയിലുമായി പരുവപ്പെട്ട ബാല്യം അവനിൽ ക്രമപ്പെടുത്തിക്കൊണ്ടിരുന്നത് ദൈവത്തിനിഷ്ടപ്പെട്ട ഒരു വൈദികനെക്കൂടിയാണ്.
വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന മൈക്കിൾ സന്യാസത്തെ ഇഷ്ടപ്പെട്ട് കപ്പൂച്ചിൻ സഭയിൽ ചേർന്നു തിയോഫിൻ എന്ന പേര് സ്വീകരിച്ചു. വൈദികനായശേഷം അജപാലനം, അധ്യാപനം, ധ്യാനം എന്നീ രംഗങ്ങളിലെല്ലാം തിയോഫിനച്ചൻ തനതായ മുദ്ര പതിപ്പിച്ചു. തന്റെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രകാശിപ്പിക്കാനുള്ളതാണെന്ന ബോധ്യമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. പള്ളികളിൽ വികാരി, സെമിനാരികളിൽ പ്രഫസർ, ധ്യാനഗുരു എന്നീനിലകളിൽ തിയോഫിനച്ചൻ പ്രവർത്തിച്ചു. കേരളത്തിനുപുറമെ തമിഴ്നാട്ടിലും കർണാടകയിലും സേവനം ചെയ്തിട്ടുണ്ട്.
കൊച്ചി പൊന്നുരുന്നിയിലെ കപ്പൂച്ചിൻ ആശ്രമവും വിശുദ്ധ പത്താം പിയൂസ് പള്ളിയും നിർമിച്ചത് തിയോഫിനച്ചന്റെ നേതൃത്വത്തിലാണ്. ജീവിതത്തിലെ അവസാനത്തെ ഒരു ദശാബ്ദം ചെലവഴിച്ചതും ഇവിടെത്തന്നെ.
ഇവിടെയെത്തിയവർക്കെല്ലാം തിയോഫിനച്ചൻ തങ്ങളുടെ പ്രിയപ്പെട്ട വല്യച്ചനായി, നാനാജാതി മതസ്ഥർക്ക് അദ്ദേഹം ആർദ്രതയുള്ള മനുഷ്യസ്നേഹിയായി, അനേകർക്കു സാന്ത്വനമായി. കാലം മനുഷ്യസ്നേഹിയെന്നു വിളിച്ചാദരിച്ച തിയോഫിനച്ചന്റെ പൊന്നുരുന്നി ആശ്രമത്തിലുള്ള കബറിടത്തിൽ പ്രാർഥിക്കുന്നതിനായി അനേകായിരങ്ങളാണ് എത്തുന്നത്.
കബറിടത്തിൽ കുറിച്ചിട്ട ആ വരികൾ ആ ധന്യാത്മാവിന്റെ തീക്ഷ്ണജീവിതത്തെ സംഗ്രഹിക്കുന്നുണ്ട്: ‘വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കൈയിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ കര്‍മയോഗി, തിയോഫിനച്ചന് ഇവിടെ വീണ്ടും മനുഷ്യരെ കാത്തിരിക്കുന്നു...!’